ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി.
നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.